Movies
ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന വലതു വശത്തെ കള്ളൻ എന്ന ചിത്രത്തിന്റെ പോസ്റ്റർ പുറത്തിറക്കി. ആഗസ്റ്റ് സിനിമയുടെ ബാനറിൽ ഷാജി നടേശൻ ബഡ് സ്റ്റോറീസുമായി സഹകരിച്ചാണ് ഈ ചിത്രം നിർമിക്കുന്നത്.
എക്സിക്കുട്ടീവ് പ്രൊഡ്യൂസേർസ് - കെറ്റിനാ ജീത്തു, മിഥുൻ ഏബ്രഹാം, സിനി ഹോളിക്സ് സാരഥികളായ ടോൺസൺ, സുനിൽ രാമാടി, പ്രശാന്ത് നായർ എന്നിവരാണ് സഹനിർമാതാക്കൾ.
ലെന, നിരഞ്ജന അനൂപ്, ഇർഷാദ്, ഷാജു ശ്രീധർ, സംവിധായകൻ ശ്യാമപ്രസാദ്, മനോജ് കെ.യു. ലിയോണാ ലിഷോയ്, കിജൻ രാഘവൻ എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു. ഡിനു തോമസാണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കൂദാശ എന്ന ചിത്രം തിരക്കഥ രചിച്ച് സംവിധാനം ചെയ്തിരുന്നു ഡിനു തോമസ്.
സംഗീതം -വിഷ്ണു ശ്യാം. ഛായാഗ്രഹണം - സതീഷ് കുറുപ്പ്. എഡിറ്റിംഗ്- വിനായക്. കലാസംവിധാനം. പ്രശാന്ത് മാധവ്. മേക്കപ്പ് -ജയൻ പൂങ്കുളം. കോസ്റ്റ്യും ഡിസൈൻ - ലിൻഡ ജീത്തു. സ്റ്റിൽസ് - സാബി ഹംസ. ചീഫ് അസോസിയേറ്റ് ഡയറക്ടർ - അറഫാസ് അയൂബ്.
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ് - ഫഹദ് പേഴുംമൂട്, അനിൽ ജി. നമ്പ്യാർ. പ്രൊഡക്ഷൻ കൺട്രോളർ - ഷബീർ മലവെട്ടത്ത്. പിആർഒ-വാഴൂർ ജോസ്.
Movies
ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന വരവ് എന്ന ചിത്രത്തിന്റെ ചിത്രീകരണം പായ്ക്കപ്പായി. ഓൾഗാ പ്രൊഡക്ഷൻസിന്റെ ബാനറിൽ നൈസി റെജി നിർമിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം എഴുപതു ദിവസത്തോളം വ്യത്യസ്ഥമായ ലൊക്കേഷനുകളിലൂടെയാണ് പൂർത്തിയായിരിക്കുന്നത്.
മലയോരമേഖലയുടെ പശ്ചാത്തലത്തിൽ അന്നാട്ടിലെ പ്രമുഖരായ പ്ലാന്റർമാരുടേയും അവർക്കിടയിലെ കിടമത്സരങ്ങളുടേയും, പകയുടേയും, പ്രതികാരത്തിന്റെയും കഥയാണ് ആക്ഷൻ ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്നത്.
Movies
ജോജു ജോർജിനേയും ഉർവശിയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഫർ സനൽ ഒരുക്കുന്ന ആശ എന്ന ചിത്രത്തിന്റെ പൂജയും ടൈറ്റിൽ ലോഞ്ചും തൃക്കാക്കരയിൽ വച്ചു നടന്നു. സിനിമ രംഗത്തെ നിരവധി പേർ പങ്കെടുത്ത ചടങ്ങിൽ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അണിയറ പ്രവർത്തകർ റിലീസ് ചെയ്തു.
സഫർ സനലിന്റെ കഥയ്ക്ക് തിരക്കഥ ഒരുക്കുന്നത് സഫർ സനലും ജോജു ജോർജും, രമേശ് ഗിരിജയും ചേർന്നാണ്. ‘പണി’ എന്ന ചിത്രത്തിനുശേഷം ജോജു തിരക്കഥ എഴുതുന്ന സിനിമ കൂടിയാണിത്.
അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമിക്കുന്ന ഈ ചിത്രത്തിൽ ഉർവശി, ജോജു ജോർജ് എന്നിവർക്കൊപ്പം പ്രമുഖ താരങ്ങളും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ഛായാഗ്രഹണം മധു നീലകണ്ഠന് ISC, എഡിറ്റിംഗ് ഷാൻ മുഹമ്മദ്, സംഗീതം മിഥുന് മുകുന്ദന്, സൗണ്ട് ഡിസൈൻ അജയൻ ആദത്, പ്രൊഡക്ഷൻ ഡിസൈൻ വിവേക് കളത്തിൽ, മേക്കപ്പ് ഷമീർ ഷാ, കോസ്റ്റ്യൂം സുജിത് സി.എസ്.
സ്റ്റണ്ട് ദിനേശ് സുബ്രഹ്മണ്യൻ, പ്രൊഡക്ഷൻ കൺട്രോളർ ഷബീർ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് രതീഷ് പിള്ള, അസോസിയേറ്റ്സ് ജിജോ ജോസ്, ഫെബിൻ എം. സണ്ണി, സ്റ്റിൽ അനുപ് ചാക്കോ, പിആർഒ ആതിര ദിൽജിത്ത്, ഡിസൈൻ യെല്ലോടൂത്ത് തുടങ്ങിയവരാണ് സിനിമയ്ക്ക് പിന്നിൽ പ്രവർത്തിക്കുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഓഗസ്റ്റ് മാസത്തിൽ ആരംഭിക്കും.
Kerala
കൊച്ചി: ‘ചുരുളി’ സിനിമയിലെ അസഭ്യ സംഭാഷണങ്ങളെക്കുറിച്ചുള്ള പരാതിക്കും പണം നല്‍കിയില്ലെന്നുമുള്ള നടന് ജോജു ജോര്‍ജിന്റെ ആരോപണത്തിനും മറുപടിയുമായി ചിത്രത്തിന്റെ സംവിധായകന് ലിജോ ജോസ് പെല്ലിശേരി. ചിത്രത്തില്‍ അഭിനയിച്ചതിന് ജോജുവിന് 5.9 ലക്ഷം രൂപ നല്‍കിയതിന്റെ രേഖകളടക്കം ഫേസ്ബുക്കില്‍ പങ്കുവച്ചാണ് ലിജോയുടെ പ്രതികരണം. സിനിമയില്‍ ഉപയോഗിക്കുന്ന ഭാഷയെക്കുറിച്ച് ജോജുവിന് നല്ല ബോധ്യമുണ്ടായിരുന്നുവെന്നും ചിത്രം ഇതുവരെ തിയറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും ലിജോ ഫേസ്ബുക്കില്‍ കുറിച്ചു. അവസരമുണ്ടായാല്‍ ചിത്രം തിയറ്ററില്‍ റിലീസ് ചെയ്യുമെന്നും പെല്ലിശേരി വ്യക്തമാക്കി. സുഹൃത്തുക്കളായ നിര്മാതാക്കള്ക്കുണ്ടായ മനോവിഷമം കണക്കിലെടുത്താണ് ഈ വിശദീകരണമെന്നും കുറിപ്പിലുണ്ട്.
ചിത്രത്തില്‍ താന്‍ അസഭ്യം പറയുന്ന പതിപ്പ് അവാര്‍ഡിനു മാത്രമേ അയയ്ക്കൂവെന്നു പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നായിരുന്നു ജോജു ജോര്‍ജിന്റെ ആരോപണം. സിനിമ ചിത്രീകരിക്കുന്ന സമയത്ത് തങ്ങളാരും ജോജുവിനെ തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും ഭാഷയെക്കുറിച്ച് ‘തങ്കന് ചേട്ടന്’ നന്നായി അറിയാമായിരുന്നുവെന്നും ലിജോയുടെ മറുപടിയില്‍ പറയുന്നു. ചിത്രത്തില്‍ അഭിനയിച്ചതിന്റെ പണം ഇതുവരെ തനിക്കു കിട്ടിയിട്ടില്ലെന്നും ജോജു ആരോപണം ഉന്നയിച്ചിരുന്നു.
അതിനിടെ, താന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ലെന്നു വ്യക്തമാക്കി നടന് ജോജു ജോര്‍ജും രംഗത്തെത്തി. ഫെസ്റ്റിവലിനുവേണ്ടി നിര്‍മിച്ച സിനിമയെന്നാണു പറഞ്ഞത്. അസഭ്യം ഇല്ലാത്ത ഭാഗം ഡബ്ബ് ചെയ്തിട്ടുണ്ടെന്നും ജോജു പറഞ്ഞു.
“സൗഹൃദത്തിന്റെ പുറത്താണ് ആ സിനിമ ചെയ്തത്. അത് ഫെസ്റ്റിവലിനുവേണ്ടി ഉണ്ടാക്കിയ സിനിമയാണെന്നാണ് എന്നോടു പറഞ്ഞത്.
പക്ഷേ, ഒടിടിയില്‍ അസഭ്യമുള്ള വേര്ഷനാണു വന്നത്. ഐഎഫ്എഫ്കെയില് അസഭ്യമില്ലാത്ത വേര്ഷനാണു കാണിച്ചത്. പൈസ കൂടുതല്‍ കിട്ടിയപ്പോള്‍ അവര്‍ അസഭ്യമുള്ള വേര്‍ഷന്‍ ഒടിടിക്ക് വിറ്റു.
ആ സിനിമ തനിക്ക് വ്യക്തിജീവിതത്തില്‍ ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടാക്കി. തന്റെ മക്കള്‍ സ്കൂളില്‍ എത്തുമ്പോള്‍ മറ്റു കുട്ടികള്‍ ചിത്രത്തില്‍ താന്‍ അസഭ്യം പറയുന്നതിന്റെ ട്രോളുകള്‍ കാണിക്കുകയാണ്.
ഇതു കണ്ടതിനുശേഷം ആ സിനിമയില്‍ അച്ഛന് അഭിനയിക്കേണ്ടിയിരുന്നില്ലെന്ന് മകള്‍ തന്നോടു പറഞ്ഞു. അത് ഒരു കുട്ടിയുടെ അഭിപ്രായമാണ്. ലിജോ ഇപ്പോള്‍ ഒരു തുണ്ട് കടലാസ് പുറത്തുവിട്ടല്ലോ. ഇനി എഗ്രിമെന്റുകൂടി പുറത്തുവിടണം. എത്രയായിരുന്നു എന്റെ ശമ്പളമെന്ന് അതു കാണിക്കുമ്പോള്‍ മനസിലാകും. അല്ലാതെ ഞാന്‍ സിനിമയ്ക്കോ കഥാപാത്രത്തിനോ എതിരല്ല.
അന്ന് എന്നെക്കൊണ്ട് അസഭ്യമില്ലാത്ത വേര്‍ഷന്‍ ഡബ്ബ് ചെയ്യിച്ചിരുന്നു. ഐഎഫ്എഫ്കെയില് ചിത്രം പൂര്‍ണമായി പ്രദര്‍ശിപ്പിച്ചിരുന്നുവെങ്കില്‍ പിന്നീട് ഞാനതിനെപ്പറ്റി സംസാരിക്കുകപോലുമില്ലായിരുന്നു. ആ സിനിമ കാരണം എന്തൊക്കെ അനുഭവിച്ചിട്ടുണ്ടെന്ന് എനിക്കേ അറിയൂ”. പണമല്ല തന്റെ പ്രശ്നമെന്നും ജോജു കൊച്ചിയില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പറഞ്ഞു.